2013, നവംബർ 22, വെള്ളിയാഴ്‌ച

അമ്പും പാട്ടും


വിണ്ണുതുളച്ചുകൊണ്ടമ്പുതൊടുത്തുഞാന്‍
കണ്ണിനുമായില്ലയൊപ്പം കുതിക്കുവാന്‍
ആയതിനാലെനിക്കാവില്ല ചൊല്ലുവാന്‍
ആയതു വീണിടം; ഭൂമിയിലെങ്കിലും

പിന്നെ ഞാനാലപിച്ചീടിനഗാനവും
ചെന്നുപോയ് വീണതും ഭൂമിയിലായിടാം;
ആര്‍ക്കുണ്ടു പാട്ടിന്റെയാകാശയാത്രയെ
പാര്‍ക്കുവാനൊത്ത പരുന്തിന്റെ കണ്ണുകള്‍?

നാളുകളേറെക്കഴിഞ്ഞു, ഞാന്‍ കാണുന്നു
ചിന്നാതെയാശരം ഓക്കുമരമിതില്‍
എന്‍മുഴുഗാനവും തത്തിക്കളിപ്പതു
കണ്ടു ഞാനിന്നെന്റെ തോഴന്റെ ചുണ്ടിതില്‍

(ഹെന്‍റി വാ‍ഡ്സ്വര്‍ത്ത് ലോങ്ങ്ഫെലോയുടെ ആരോ ആന്റ്  ദ സോങ്ങ് എന്ന കവിതയുടെ മൊഴിമാറ്റം)

6 അഭിപ്രായങ്ങൾ:

 1. ഇത് മനോഹരമായ വിവര്‍ത്തനമാണല്ലോ. സാധാരണയായി ഇംഗ്ലിഷ് കവിതകളുടെ വിവര്‍ത്തനത്തില്‍ ഇങ്ങനെ താളത്തോടെ വരികളും വാക്കുകളും കാണുക പതിവില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താളത്തിലേ എഴുതൂവെന്ന് വിവര്‍ത്തനത്തിനുമുന്‍പുതന്നെ തീരുമാനിച്ചിരുന്നു. വെറുതേ യെഴുതിയാല്‍ മറ്റു മൊഴിമാറ്റങ്ങളെപ്പോലെ ആര്‍ക്കും വേണ്ടാതാകും എന്നൊരു പേടിയും ഉണ്ടായിരുന്നു. അതിനെല്ലാം പുറമേ 'ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരിഭാഷകള്‍' വായിച്ചതില്‍ നിന്നു കിട്ടിയ പ്രചോദനവും വലുതായിരുന്നു

   ഇല്ലാതാക്കൂ
 2. അജിത്‌ഭായിയുടെ അഭിപ്രായത്തിന് താഴെ എന്റെ വക ഒപ്പും കൂടി...

  ആദ്യത്തെ രണ്ട് ശ്ലോകങ്ങളിലെ ദ്വിതീയാക്ഷരപ്രാസം കവിതയ്ക്ക് അധിക ചാരുതയേകുന്നു...

  അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 3. വിനുവേട്ടാ,
  അവസാനത്തെ നാലുവരികള്‍ക്കുകൂടി ദ്വീതീയാക്ഷര പ്രാസം കൊണ്ടു വരണമെന്ന് ആഗ്രഹിക്കാഞ്ഞിട്ടല്ല...പറ്റിയ വാക്കുകള്‍ കിട്ടിയില്ല..കുറച്ചു നേരംകൂടി കാത്തിരുന്നുവെങ്കില്‍ കിട്ടുമായിരുന്നുവോയെന്നും അറിയില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മറുപടിയിൽ സന്തോഷം...

   സമയം കിട്ടുമ്പോൾ എന്റെ പരിഭാഷാ യജ്ഞങ്ങളിലേക്ക് ഒന്ന് എത്തിനോക്കുമല്ലോ... ജാക്ക് ഹിഗ്ഗിൻസിന്റെ നോവൽ സ്റ്റോം വാണിങ്ങ് രണ്ട് വർഷം മുമ്പ് പൂർത്തിയാക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ തന്നെ ഈഗിൾ ഹാസ് ലാന്റഡ് അവസാനത്തോടടുക്കുന്നു...

   ഇല്ലാതാക്കൂ
 4. തീര്‍ച്ചയായും ....ബ്ലോഗില്‍ ഞാന്‍ വന്നുപോയതാണ് ....അപ്പോള്‍ വായിക്കുാനുള്ള സമയമില്ലാതിരുന്നതുകൊണ്ട് പിന്നീട് വരാമെന്നു കരുതി...നോവലാകുമ്പോള്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ക്കുക എഴുപ്പമല്ലല്ലോ...

  മറുപടിഇല്ലാതാക്കൂ