തര്‍ജ്ജമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തര്‍ജ്ജമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ജൂലൈ 12, ശനിയാഴ്‌ച

തിരഞ്ഞെടുക്കാത്ത വഴി


മഞ്ഞപുതച്ചൊരി-
ക്കാട്ടിന്‍ നടുവിലായ്
രണ്ടായ്പ്പിരിയുമി-
പ്പാതകാണുന്നുവോ?

ഏകനാണെന്നതു
കൊണ്ടെനിക്കാവുമോ
വീഥികള്‍ രണ്ടിലു-
മൊപ്പം ചരിക്കുവാന്‍ ?

പൊന്തയ്ക്കിടയിലായ്
മായുമതിലൊരു
പാതയില്‍ നോക്കി ഞാന്‍
തെല്ലിട നിന്നുപോയ് !

പിന്നെ, മറുവഴി,
യാരുമേ തീണ്ടാത്ത
പുല്ലുള്ളൊരാവഴി,
തന്നെയെടുത്തു ഞാന്‍

പക്ഷെ, അതും ഏറെ
കാല്‍നടയാത്രയാല്‍
നന്നേ പഴഞ്ചനായ്
തീര്‍ന്നതു തന്നെയാം !

പാതകളേറെയായ്
വീണ്ടും പിരിഞ്ഞീടില്‍
ആവില്ല, മിക്കതും
നിന്നിടത്തെത്തുവാന്‍

എങ്കിലുമാവഴി,
ആദ്യത്തെയാവഴി,
വേറെ ദിനത്തിനായ്
കാത്തുവയ്ക്കുന്നു ഞാന്‍

"പാതകള്‍ രണ്ടതി
ലേറെച്ചരിക്കാത്ത
തൊന്നെടുത്തെന്നു"ഞാന്‍
വീര്‍പ്പിടും, ഭാവിയില്‍

ആ'യെടുപ്പാ'ണെന്റെ
ജീവിതമീമട്ടില്‍
വ്യത്യസ്തമാക്കിയ
തെന്നും പറഞ്ഞിടും.


2013, നവംബർ 22, വെള്ളിയാഴ്‌ച

അമ്പും പാട്ടും


വിണ്ണുതുളച്ചുകൊണ്ടമ്പുതൊടുത്തുഞാന്‍
കണ്ണിനുമായില്ലയൊപ്പം കുതിക്കുവാന്‍
ആയതിനാലെനിക്കാവില്ല ചൊല്ലുവാന്‍
ആയതു വീണിടം; ഭൂമിയിലെങ്കിലും

പിന്നെ ഞാനാലപിച്ചീടിനഗാനവും
ചെന്നുപോയ് വീണതും ഭൂമിയിലായിടാം;
ആര്‍ക്കുണ്ടു പാട്ടിന്റെയാകാശയാത്രയെ
പാര്‍ക്കുവാനൊത്ത പരുന്തിന്റെ കണ്ണുകള്‍?

നാളുകളേറെക്കഴിഞ്ഞു, ഞാന്‍ കാണുന്നു
ചിന്നാതെയാശരം ഓക്കുമരമിതില്‍
എന്‍മുഴുഗാനവും തത്തിക്കളിപ്പതു
കണ്ടു ഞാനിന്നെന്റെ തോഴന്റെ ചുണ്ടിതില്‍

(ഹെന്‍റി വാ‍ഡ്സ്വര്‍ത്ത് ലോങ്ങ്ഫെലോയുടെ ആരോ ആന്റ്  ദ സോങ്ങ് എന്ന കവിതയുടെ മൊഴിമാറ്റം)