2011, നവംബർ 19, ശനിയാഴ്‌ച

നഗരത്തിലെ ത്രിമാനരൂപങ്ങള്‍

മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിനരുസരിച്ചുള്ള സിനിമകളാണ് തങ്ങള്‍ പുറത്തിറക്കുന്നതെന്ന നിര്‍മാതാക്കളുടേയും സംവിധായകരുടേയും വാദത്തെ മിക്കവാറും സിനമാ നിരൂപകരും പുച്ഛിച്ചു തള്ളാറാണ് പതിവ്. പ്രേക്ഷകര്‍ പുതുമയും കാമ്പുമുള്ള സിനിമകള്‍ ആഗ്രഹിക്കുന്നവരാണെന്നും ഒരു പറ്റം സുപ്പര്‍താരങ്ങളും അവരുടെ താരമൂല്യം നോക്കി പടം പിടിക്കുന്ന ചില സംവിധായകരുമാണ് മലയാള സിനിമയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നുമുള്ള മറുവാദങ്ങളാണ് പലപ്പോഴും അവര്‍ ഉന്നയിക്കാറ്. ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയിന്റ്’, ‘ട്രാഫിക്ക്’, ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്നീ പുതുമയുള്ള സിനിമകള്‍ സ്വീകരിക്കപ്പെടുന്നുവെന്നത് തങ്ങള്‍ പറഞ്ഞതിനു ന്യായീകരണമായി അവര്‍ ചൂണ്ടികാണിക്കാറുമുണ്ട്. എന്നാല്‍ സാധാരണ പ്രേക്ഷകരുടെ ആസ്വാദനശേഷിയെ വളരെയധികം പെരുപ്പിച്ചുകാണിക്കുന്നതല്ലേ ഈ അവകാശവാദങ്ങളെല്ലാമെന്ന ന്യായമായ സംശയമാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘സിറ്റി ഓഫ് ഗോഡ്’ പോലൊരു നല്ല സിനിമയുടെ ദയനീയ പരാജയം നമ്മില്‍ ജനിപ്പിക്കുന്നത്.


ക്രമത്തിലുള്ള കഥപറച്ചില്‍ വളരെയേറെ ഉപയോഗിച്ചു കഴിഞ്ഞ മലയാള ജനപ്രിയ സിനിമയ്ക്ക് ഇടയ്ക്കെല്ലാം ലഭിച്ചിരുന്ന ഒരേയൊരാശ്വാസം ഭൂതകാലത്തേയ്ക്കുള്ള തിരിഞ്ഞുനോട്ടങ്ങളായ ഫ്ലാഷ്ബാക്കുകളായിരുന്നു. എന്നാല്‍ അടുത്തിടയായി കഥപറയുക എന്നതിനേക്കാള്‍ എങ്ങിനെ പറയുന്നു എന്നതിലേയ്ക്ക് ചില പുതുമുഖസംവിധായകരുടെ ശ്രദ്ധതിരിഞ്ഞു തുടങ്ങിയത് ചില പുതിയ പരീക്ഷണങ്ങള്‍ക്ക് വഴിവയ്ക്കുകയുണ്ടായി. അങ്ങിനെയാണ് ക്വെന്റിന്‍ ടാരന്റീനോയുടെ ‘പള്‍പ്പ് ഫിക്ഷ’ന്റേയും(Pulp Fiction) മെക്സിക്കന്‍ സംവിധായകനായ അലക്സാണ്ട്രോ ഗോണ്‍സാലെസ് ഇനാരിറ്റുവിന്റെ Death Trilogyയിലെ ‘അമോറെസ് പെറോസ്’ (Amores perros), ’21ഗ്രാംസ്’ (21 Grams), ‘ബാബേല്‍’ (Babel) എന്നീ സിനിമകളുടേയും ടോമി ലീ ജോണ്‍സിന്റെ ‘ത്രീ ബറിയല്‍സ് ഓഫ് മെല്‍ക്വിയാദെസ് എസ്ത്രാദ’ എന്ന സിനിമയുടേയും, മറ്റനേകം സിനിമകളുടേയും ക്രമാനുഗതമല്ലാത്തതും കഥാപാത്രജീവിതങ്ങളുടെ ആകസ്മികമായ കൂട്ടിമുട്ടലുകളെ കാണിക്കുന്നതുമായ ആഖ്യാനശൈലി നമ്മുടെ സിനിമയിലേയ്ക്കും കടന്നുവരുന്നത്. അത്, ഒരു വാചകത്തിലെ വ്യത്യസ്ഥങ്ങളായ വാക്കുകളില്‍ നിന്നും അവയെക്കുറിച്ചു കൂടുതല്‍ വിവരം തരുന്ന മറ്റു പേജുകളിലേയ്ക്ക് നമ്മെ നയിക്കുന്ന ഹൈപ്പര്‍ റ്റെക്സ്റ്റുകളെപ്പോലെ ഒരു സംഭവത്തില്‍ ( മിക്കവാറും എന്തെങ്കിലും തരത്തിലുള്ള അപകടം) നിന്നും അവയുമായി എന്തെങ്കിലും രീതിയില്‍ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ ജീവിതത്തിലേയ്ക്ക് നമ്മെ ആനയിക്കുന്നതാണ്. അങ്ങിനെ ഇന്റര്‍നെറ്റ് യുഗത്തിന്റെ തന്നെ പ്രത്യേകതകളെയാണ് ഈ അഖ്യാനശൈലി കടമെടുക്കുന്നത്.

ഒരു സംഭവത്തെ വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്ന് അതരിപ്പിക്കുന്ന രീതി മലയാളത്തിലെ തന്നെ ചില കുറ്റാന്വേഷണ സിനിമകളില്‍ ഉപോയോഗിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ഹൈപ്പര്‍ലിങ്ക് ആഖ്യാനതന്ത്രം പൊതുവേ മലയാളസിനിമയ്ക്ക് അത്ര പരിചയമുള്ള ഒന്നല്ല. ‘അമോറെസ് പെറോസി’നോടും ’21ഗ്രാംസി’നോടും പ്രമേയപരമായും ആഖ്യാനപരമായും ചെറിയ ചില സാമ്യതകള്‍ പുലര്‍ത്തുന്ന രാജേഷ് പിള്ളയുടെ ട്രാഫിക്കാണ് നമ്മുടെ സിനിമയില്‍ ഈ രീതി കൊണ്ടുവരാന്‍ ശ്രമിച്ച ആദ്യ ചിത്രം. എന്നാല്‍ സിനിമയുടെ തുടക്കത്തില്‍ മാത്രമേ ട്രാഫിക്ക് നേര്‍രേഖാഖ്യാനം ഉപേക്ഷിക്കാന്‍ കാര്യമായി ശ്രമിക്കുന്നുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, ഈ രീതിയുടെ പരാജയ സാധ്യതയെക്കുറിച്ചുള്ള ഭീതികൊണ്ടോ മറ്റോ സ്‍പ്ലിറ്റ് സ്കീനും ഡിജിറ്റല്‍ ക്ലോക്കുമുപയോഗിച്ച് പ്രേക്ഷകരെ ബോധവത്കരിക്കാന്‍ സംവിധായകന്‍ കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. പോരാത്തതിന് കുറഞ്ഞ സമയത്തിനുള്ളില്‍ മാറ്റിവയ്ക്കാനുള്ള ഹൃദയമെങ്ങിനെ പ്രതിബന്ധങ്ങളെ മറികടന്ന് അകലെയുള്ള ആശുപത്രിയിലെത്തിക്കാമെന്നതിന് മുന്‍ഗണന കൊടുക്കുന്നതു കൊണ്ടു തന്നെ ഹൈപ്പര്‍ലിങ്കു സിനിമകളുടേതായ സ്റ്റാറ്റിക് സ്വഭാവം ട്രാഫിക്കിന് ഇല്ലാതാകുന്നു. എന്നാല്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘സിറ്റി ഓഫ് ഗോഡ്’ ഇക്കാര്യത്തില്‍ കാതങ്ങള്‍ മുന്നിലാണ്. തന്റെ രണ്ടാമത്തെ ചലചിത്രോദ്യമത്തില്‍ തന്നെ കഥപറച്ചിലിനെ ഇത്രമേല്‍ കുറ്റമറ്റതാക്കാന്‍ കഴിയുന്നുവെന്നത് താനുപയോഗിക്കുന്ന മാധ്യമത്തെ നന്നായി മനസ്സിലാക്കിയ സംവിധായകനാണ് അദ്ദേഹമെന്നതിനു തെളിവാണ്.

ഒരു വിളക്കുകാലിനോട്ചേര്‍ന്ന് മുകളില്‍ നിന്നുമുള്ള Bird’s eye view ഷോട്ടില്‍ നിന്നാണ് സിറ്റി ഓഫ് ഗോഡിന്റെ തുടക്കം. റോഡിലൂടെ കടന്നുപോകുന്ന ഒരു ഇരുചക്രവാഹനവും(സ്വര്‍ണ്ണവേലും മരതകവും യാത്രചെയ്യുന്ന) ഷോട്ടില്‍ കാണാം. വാഹനം സ്ക്രീനില്‍ നിന്നു മാറുമ്പോഴേയ്ക്കും അകലെ നിന്നും വണ്ടി വരുന്നുവെന്ന ഒരു നിലവിളിയും ചെറുതായി വാഹനങ്ങള്‍ കൂട്ടിമുട്ടുന്നുതിന്റെ ശബ്ദവും കേള്‍ക്കാം. ഉടന്‍ തന്നെ ഒരു ചുവപ്പു സുമോ വന്ന് വിളക്കുകാലില്‍ ഇടിക്കുന്നു, അതിനോടൊപ്പം പോസ്റ്റില്‍ ഇടിക്കുന്ന കാറിന്റെ ന്യൂട്രല്‍ ആംഗിളിലുള്ള (eye level) സമീപദൃശ്യത്തിലേയ്ക്ക് ഷോട്ട് മാറുന്നു. വീ​ണ്ടും മുകളില്‍ നിന്ന് കാലിലെ സോഡിയം വേപ്പര്‍ ലാമ്പ് താഴെ വീണുടയുന്ന ദൃശ്യം കാണിക്കുന്നു. തുടന്നു വരുന്ന ഷോട്ടുകളിലൊന്നില്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പൃഥ്വിരാജിനെ കാണാം. ഈ തുടക്കം വ്യത്യസ്ഥമായ വീക്ഷണകോണില്‍ നിന്നും പലകുറി ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ഈ ആവര്‍ത്തനങ്ങളിലൊന്നില്‍ പോലും കഥപറച്ചിലിന്റെ ശബ്ദ-ദൃശ്യ നൈരന്തര്യത്തെ (continuity) സംവിധായകന്‍ മറന്നു പോകുന്നില്ലെന്നത് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഉദാഹരണത്തിന് സുമോ വിളക്കുകാലില്‍ ഇടിച്ചശേഷം തുടങ്ങുന്ന മഴ പിന്നീടു വരുന്ന ആവര്‍ത്തനങ്ങളിലും കൃത്യസമയത്തു തന്നെ പെയ്യാന്‍ തുടങ്ങുന്നു. ഷോട്ടില്‍ കടന്നുവരുന്നില്ലെങ്കിലും മരതകത്തിന്റെ (പാര്‍വ്വതി) നിലവിളിയും അവളും സ്വര്‍ണ്ണവേലും (ഇന്ദ്രജിത്തും) സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും സുമോയും തമ്മിലുള്ള കൂട്ടിയിടിയുമെല്ലാം ആദ്യ ഷോട്ടിന്റെ ശബ്ദപഥത്തില്‍ കൃത്യമായി രേഖപെടുത്തപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ സുമോ കാലില്‍ ഇടിക്കുന്ന ശബ്ദവും ലാമ്പ് താഴെ വീണുടയുന്ന ശബ്ദവും, പിന്നീടു വരുന്ന വേലിന്റേയും മരതകത്തിന്റേയും ഷോട്ടിലും. ഇങ്ങനെ ദൃശ്യങ്ങളെ ശബ്ദപഥം കൊണ്ട് പിന്തുണച്ച് ഉണ്ടാക്കിയെടുക്കുന്ന ത്രിമാനതയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മകളിലൊന്ന്.

‘സിറ്റി ഓഫ് ഗോഡ്’ യഥാര്‍ത്ഥത്തില്‍ ഏതെങ്കിലുമൊരു അതിമാനുഷന്റെ കഥയല്ല. പ്രധാനമായും അത് മൂന്നു സ്ത്രീകളുടേയും രണ്ടു പുരുഷന്‍മാരുടേയും കഥയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മലയാളത്തില്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന സ്ത്രീകേന്ദ്രീകൃത-സ്ത്രീപക്ഷ(?) സിനിമയാണ്. വാര്‍പ്പുമാതൃകകളോട് കലഹിക്കുന്നതും, പിതൃകേന്ദ്രീകൃത മൂല്യവ്യവസ്ഥയെ കാറ്റില്‍ പറത്തുന്നതും, പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളെ അവയുടെ ഭാഷാ/സംസ്കാരിക/സാമൂഹിക യാഥാര്‍ഥ്യങ്ങളോടൊപ്പം നെഞ്ചിലേറ്റുന്നതുമാണീ ചിത്രം.

മരതകം (പാര്‍വ്വതി), സൂര്യപ്രഭ (റീമാ കല്ലിങ്കല്‍), വിജി പുന്നൂസ് (ശ്വേതാ മേനോന്‍) എന്നിങ്ങനെ മൂന്നു സ്ത്രീകളാണ് ഈ സിനിമയുടെ കേന്ദ്രസ്ഥാനത്തുള്ളത്. ഇതില്‍ മരതകം വിവാഹിതയാണെങ്കിലും ക്രൂരനായ തന്റെ ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെട്ടോടിവന്നവളാണ്. മാത്രമല്ല സ്വര്‍ണ്ണവേലുമായി പുതിയൊരു ജീവിതം പടുത്തുയര്‍ത്താനുള്ള ശ്രമത്തിലുമാണവള്‍. സൂര്യപ്രഭ ഒരു സിനിമാനടിയാണ്. കൂട്ടിക്കൊടുപ്പുകാരന്റെ വേഷമാടുന്ന തന്റെ ഭര്‍ത്താവിനെ വെറുപ്പാണവള്‍ക്ക്. തന്റെ പുര്‍വകാമുകനായ സോണി വടയാറ്റിലിനും ഭര്‍ത്താവിനുമിടയില്‍ ജീവിതം തള്ളിനീക്കുകയാണവള്‍. എന്നാല്‍ കഥാന്ത്യത്തില്‍ അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ജ്യോതിലാലിനൊപ്പം (പൃഥ്വിരാജ്) വിവാഹബന്ധത്തിനപ്പുറത്തുള്ള, ഒരു പക്ഷേ തികച്ചും ക്ഷണികമായ, ജീവിതത്തിലേയ്ക്കു കാലെടുത്തുവയ്ക്കുന്നതു കാണാം. സ്ഥലകച്ചവടത്തോടനുബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിധവയായ വിജി പുന്നൂസ് എളുപ്പം തോറ്റു പിന്‍മാറുന്നവളല്ല. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു കാരണക്കാരായ സോണിയോടും ജ്യോതിലാലിനോടും അടങ്ങാത്ത പകയാണവള്‍ക്ക്. പ്രതികാരം ചെയ്യുന്നതിനായി ഷമീമിനെ കൂട്ടുപിടിക്കാനും പിന്നീട് വിവാഹം ചെയ്യാനും അവള്‍ക്കു തെല്ലും സങ്കോചമില്ല. ഇങ്ങനെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഈ സിനിമയിലെ മുഖ്യസ്ത്രീകഥാപാത്രങ്ങളെല്ലാം തങ്ങളുടെ കര്‍തൃത്ത്വം (agency) സ്ഥാപിക്കുന്നതില്‍ വിജയിക്കുന്നവരാണ്. അതാണ് ഈ സിനിമയെ മറ്റു ജനപ്രിയ സിനിമകളില്‍ നിന്നും വ്യത്യസ്ഥതയുള്ളതാക്കുന്നത്. കൂടാതെ പിതൃദായക മൂല്യങ്ങളെ തിരസ്കരിക്കുന്ന ‘പിഴച്ചവര്‍ക്ക്’ ലഭിക്കുന്ന സ്ഥിരം ശിക്ഷയായ മരണം, ഗുരുതരമായ രോഗം എന്നിവ ഇവരെ ‘പാഠം’ പഠിപ്പിക്കുന്നില്ലെന്നെതും എടുത്തുപറയേണ്ടതാണ്.

ചിത്രത്തിലെ പല കഥാപാത്രങ്ങളും പതിവു വാര്‍പ്പുമാതൃകകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കുന്നുണ്ട്. നന്മയുടെ പ്രതിരൂപങ്ങളായ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഇല്ലെന്നുതന്നെ പറയാം. നന്മതിന്മകള്‍ വ്യത്യസ്ഥ അനുപാതത്തില്‍ ചാലിച്ചുണ്ടാക്കിയ Round Characters ആണ് അധികവും. ചില കഥാപാത്രങ്ങള്‍ പല സിനിമകളിലും കണ്ടുമടുത്ത കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ ആണ്. ഉദാഹരണത്തിന് ജഗദീഷ് അവതരിപ്പിക്കുന്ന പോലീസുകാരന്‍ പല സുരേഷ് ഗോപി/മമ്മൂട്ടി ചിത്രങ്ങളിലേയും സര്‍വശക്തരായ പോലീസ് ഓഫീസര്‍മാരുടെ കോമാളിരൂപമാണ്. തമിഴ് സിനിമാനടന്‍ വിജയിന്റെ നായക കഥാപാത്രങ്ങളേയും സുബ്രഹ്മണ്യപുരത്തിലെ നായകനേയും ഓര്‍മ്മിപ്പക്കുന്നതാണ് ഇന്ദ്രജിത്തിന്റെ സ്വര്‍ണ്ണവേല്‍ എന്ന കഥാപാത്രം. എന്നാല്‍ മറ്റു മലയാള ജനപ്രിയ സിനിമകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടും സ്റ്റീരിയോറ്റൈപ്പു ചെയ്യപ്പെട്ടും കാണാറുള്ള തമിഴ്വശംജരായ കഥാപാത്രങ്ങളെ ആഖ്യാനത്തിന്റെ മുഖ്യധാരയില്‍ നിറുത്താന്‍ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്.

ഈ സിനിമയ്ക്കും ചില പോരായ്മകളില്ലാതില്ല. പറഞ്ഞുപഴകിയ കൊച്ചിയിലെ കൊട്ടേഷന്‍ സംഘങ്ങളുടേയും പോള്‍ മുത്തൂറ്റ് വധത്തിന്റേയും പിന്നാലെ പോയി എന്നതുതന്നെയാണ് അതില്‍ പ്രധാനമായത്. പിന്നെ ചിലപ്പോഴെങ്കിലും ജ്യോതിലാലിനു ലഭിക്കുന്ന അമാനുഷികമായ കരുത്തും. എങ്കിലും ഈ ചിത്രം കൈവരിക്കുന്ന നേട്ടങ്ങള്‍ക്കുമുന്നില്‍ കോട്ടങ്ങള്‍ തികച്ചും അപ്രസക്തമാണ്. നമ്മുടെ പ്രേക്ഷകര്‍ക്ക് അതുമനസിലാക്കാനായില്ല എങ്കിലും…

1 അഭിപ്രായം:

  1. കണ്ടിട്ടില്ല ..പക്ഷെ കണ്ട പലരും നല്ല അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ