2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എല്‍സമ്മയുടെ ആണത്തം

സ്ത്രീകള്‍ കേന്ദസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുന്നത് പൊതുവേ വിരളമായ നമ്മുടെ ജനപ്രിയ സിനിമയില്‍ അത്തരത്തിലുളള ഒരു സിനിമ ഇറങ്ങുന്നതില്‍ ചെറിയൊരു ആഘോഷത്തിനുള്ള വകയുണ്ട്. എന്നാല്‍ അതു പ്രതിനിധീകരിക്കുന്ന രാഷ്ട്രീയമാണ് ആ സിനിമയെ തള്ളണോ കൊള്ളണോയെന്ന തീരുമാനത്തിലെത്തിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍ സ്ത്രീ കേന്ദ്രസ്ഥാനത്തുണ്ടായിട്ടും കഴിഞ്ഞ വര്‍ഷമിറങ്ങിയ ലാല്‍ജോസ് ചിത്രമായ ‘എല്‍സമ്മയെന്ന ആണ്‍കുട്ടി’യും നമ്മെ തീര്‍ത്തും നിരാശരാക്കിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഹൈറേഞ്ചിലെ ബാലന്‍പിള്ള സിറ്റിയെന്ന കൊച്ചുഗ്രാമത്തിലെ, മാതൃഭൂമി പത്രത്തിന്റെ ഏജന്റും വിതരണക്കാരിയും പ്രാദേശിക ലേഖികയുമാണ് എല്‍സമ്മ (ആന്‍ അഗസ്റ്റിന്‍). വെളുപ്പിന് നാലുമണിക്കു തന്നെ പത്രക്കെട്ടുമായി ആളൊഴിഞ്ഞ ഇടവഴികളിലൂടെ സൈക്കിള്‍ സവാരി നടത്തുന്ന എല്‍സമ്മയില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. ചിത്രം പുരോഗമിക്കുമ്പോള്‍ നാട്ടിലെ കൈക്കൂലിക്കാരനായ മെമ്പര്‍ രമണനേയും (ജഗതി) അബ്കാരിയായ കരിപ്പള്ളി സുഗുണനേയും (വിജയരാഘവന്‍) വരച്ചവരയില്‍ നിറുത്തുന്നുണ്ടവള്‍. എന്നാല്‍ ഇതുകണ്ട് സ്ത്രീകള്‍ക്കെല്ലാം മാതൃകയാണ് എല്‍സമ്മയെന്നു കരുതിയാല്‍ തെറ്റി . കാരണം എല്‍സമ്മ ഒരാണെന്നാണ് സിനിമയുടെ ഭാഷ്യം. ഒന്നാന്തരമൊരാണ്!


ചിത്രത്തിന്റെ പേരെഴുതി കാണിക്കുമ്പോള്‍ തന്നെ ഈ സൂചന പ്രകടമാണ്. എല്‍സമ്മ ആണ്‍കുട്ടിയാണെന്ന പ്രസ്ഥാവനയ്ക്കുപുറമേ, മീശവച്ച് സൈറ്റടിയ്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം കൂടി അതിനുള്ളിലുണ്ട്. അപ്പന്‍ മരിച്ചതോടു കൂടി കുടുംബഭാരം ചുമലേറ്റേണ്ടി വന്നവളായാണ് എല്‍സമ്മയെ ചിത്രീകരിച്ചിരിക്കുന്നതെന്ന സ്ഥിതിയ്ക്ക്, ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ സ്വയം ആര്‍ജിച്ചെടുക്കുന്ന കരുത്തിനെയാണ് ഇവിടെ ആണത്തമെന്നതുകൊണ്ട് വാദിക്കുന്നരുന്നുണ്ടാകാം. എന്നാല്‍ എല്‍സമ്മ ചെയ്യുന്ന ഒരോ ധീരകൃത്യവും സ്ത്രീയുടെ ശാക്തീകരണത്തിന്റെ അടയാളമാകേണ്ടതിനു പകരം പിതൃദായകക്രമത്തിലെ ജെന്‍ഡറിനെക്കുറിച്ചുള്ള വ്യവഹാരങ്ങളെ (patriarchal discourses of gender) ബലപ്പെടുത്തുന്ന കാഴ്ചയാണ് ചിത്രം തരുന്നത്. അതുകൊണ്ടുകൂടിയാണ് സ്ത്രീയെക്കുറിച്ചുള്ള പരമ്പരാഗത പുരുഷ സങ്കല്‍പ്പങ്ങളെ വളഞ്ഞ വഴിയ്ക്കു പിന്‍താങ്ങുന്ന ഈചിത്രത്തിന്റെ രാഷ്ട്രീയം പ്രതിലോമകരമാകുന്നത്.

ഇനി അത് എങ്ങിനെയെന്നതിലേയ്ക്കുവരാം. ഈ സിനിമയില്‍ നാലിടത്താണ് എല്‍സമ്മ ആണ്‍കുട്ടിയാണെന്ന പരാമര്‍ശം കടന്നു വരുന്നത്. ഇതിലാദ്യം കുന്നേല്‍ പാപ്പന്റെ പൌത്രനായ എബി(ഇന്ദ്രജിത്ത്)യാണ് എല്‍സമ്മ പുലിയാണ് ആണ്‍കുട്ടിയാണെന്നൊക്കെ പാപ്പന്‍ (നെടുമുടി വേണു) പറയാറുള്ളത് ശരിയാണെന്നു പറയുന്നത്. എല്‍സമ്മ ഏര്‍പ്പെടുന്ന വിവിധ ജോലികള്‍ (പത്രത്തില്‍ പരസ്യം/വാര്‍ത്ത നല്‍കല്‍, പത്രവിതരണം, റബര്‍ ഷീറ്റടിയ്ക്കല്‍) വിവരിച്ചു കൊടുക്കുമ്പോഴാണ് ഇങ്ങനെ പറയുന്നുവെന്നതു കൊണ്ട് ഈ ജോലികളെല്ലാം സ്ത്രീകള്‍ക്കു പറഞ്ഞിട്ടുള്ളതല്ലെന്ന് ധ്വനിപ്പിക്കുന്നുണ്ടിവടെ. പിന്നീട് അവള്‍ പത്താം ക്ലാസു തോറ്റിട്ടില്ലെന്നും ഡിസ്റ്റിംഗ്ഷന്‍ നേടിയിരുന്നുവെന്നും അറിയുമ്പോള്‍ ചായക്കടക്കാരന്‍ ബാലന്‍പിള്ള (ജനാര്‍ദ്ദനന്‍) എല്‍സമ്മ ആണ്‍കുട്ടിയാണെന്നു പറയുന്നുണ്ട്. അങ്ങിനെ പഠനത്തിലെ മികവും ആണത്തത്തിന്റെ പ്രത്യേകതയെന്നു വരുന്നു. കരിപ്പള്ളി സുഗുണന്‍ വനിതാശ്രീ പ്രവര്‍ത്തകയായ ഓമനയോട് എല്‍സമ്മയെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ അവള്‍ ഞങ്ങളുടെ ആണ്‍കുട്ടിയാണെന്നവര്‍ അഭിപ്രായപ്പെടുന്നുണ്ട്. പൊതുമണ്ഡലത്തില്‍ ആണത്തം കൊണ്ടേ എന്തെങ്കിലും ചെയ്യാനാവൂ എന്നൊരു ധാരണയാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. അവസാനമായി സുഗുണന്റെ ഷാപ്പ് പുട്ടിയ്ക്കുന്ന മെമ്പര്‍ രമണന്‍ എല്‍സമ്മയെ മുന്നിലേയ്ക്ക് മാറ്റി നിറുത്തി, ഇവളൊരു ആണ്‍കുട്ടിയാണെന്നു പ്രഖ്യാപിക്കുന്നു. ഇവിടേയും സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുക ആണത്തമുള്ളവര്‍ക്കാണെന്നും അല്ലാതെ അത് സ്ത്രീത്വമുള്ളവര്‍ക്കു പറഞ്ഞ പണിയല്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.

ഇതിനുപുറമേ, സിനിമയില്‍ മറ്റു സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന രീതിയും ഈ സാമ്പ്രദായിക ആണത്ത/പെണ്ണത്ത ധാരണകളെ ഊട്ടിയുറപ്പിക്കാനുതകുന്നുണ്ട്. ഉദാഹരണത്തിന് പഞ്ചായത്തു സെക്രട്ടറിയായ രാജമ്മ, തന്റെ ഉത്തരവാദിത്വത്തില്‍ വേണ്ട വണ്ണം ശ്രദ്ധിക്കാത്തവരാണെന്നും എപ്പോഴും മെമ്പറോട് കൊഞ്ചിക്കുഴയുന്നവളാണെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു. അതുപോലെ എല്‍സമ്മയുടെ അനിയത്തിമാര്‍ ചേച്ചിയുടെ കണ്ണുവെട്ടിച്ച് ആണുങ്ങളുമായി സല്ലപിക്കുന്നതും ഈ സിനിമയിലെ ചില രംഗങ്ങളില്‍ വരുന്നുണ്ട്. ഇത് പുരുഷന്റെ ഭംഗിവാക്കിനു മുമ്പില്‍ പതറുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളുമെന്ന ധാരണയുണ്ടാക്കുന്നുണ്ട്.

വനിതാബില്‍ പാസായാല്‍ പഞ്ചായത്തില്‍ പകുതിയോളം മെമ്പര്‍മാര്‍ സ്ത്രീകളാകും എന്ന് എല്‍സമ്മ പറയുമ്പോള്‍, സ്ത്രീകളുടെ പൂങ്കാവനമാകുന്ന പഞ്ചായത്ത് ആപീസില്‍ ഞാനൊരു പൂമ്പാറ്റയായി പൂവില്‍നിന്നും പൂവിലേയ്ക്ക് പറന്നു നടക്കുമെന്നു പറഞ്ഞ് രമണന്‍ പുച്ഛിച്ചു തള്ളുന്നുണ്ട്. ഇവിടേയും കാണുന്നത് സ്ത്രീസംവരണം ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുകയെന്ന മുന്‍വിധിയാണ്. പിന്നീടൊരിക്കല്‍ താന്‍ രമണന്റെ വാര്‍ഡില്‍ നിന്നും മത്സരിക്കുമെന്നു പറഞ്ഞ് അയാളെ ഞെട്ടിക്കുന്ന എല്‍സമ്മ, അയാള്‍ സല്‍ഭരണം കാഴ്ചവയ്ക്കാന്‍ തയ്യാറാവുന്നതോടെ മത്സരത്തില്‍ നിന്നു പിന്‍വാങ്ങാന്‍ തയ്യാറാകുന്നുണ്ട്. ഇത് അഴിമതിരഹിതരായി ഭരിക്കാന്‍ പുരുഷന്മാരുണ്ടെങ്കില്‍, സ്ത്രീകളുടെ പ്രത്യക പ്രാതിനിധ്യം ആവശ്യമില്ലെന്നു പറയുന്നതിനു തുല്യമാണ്.

ഇതിനെല്ലാം പുറമേ പിതൃദായകക്രമത്തിന്റെ ഒന്നാംതരം കാവല്‍ക്കാരിയാണ് എല്‍സമ്മ. തന്റെ സഹോദരിമാരുടെ ലൈംഗികതയെ അവള്‍ക്കു ഭയമാണ്. പാപ്പന്റെ വീട്ടില്‍ എബിയുടെ കൂട്ടുകാര്‍ വന്നതിനു ശേഷം ഞാന്‍ നേരാവണ്ണം ഉറങ്ങിയിട്ടില്ലെന്ന് അവള്‍ അമ്മയോട് പരാതിപ്പെടുന്നുണ്ട്. ഹിറ്റലര്‍ മാധവന്‍കുട്ടിയെപ്പോലെ തന്റെ അനിയത്തിമാര്‍ക്കു കാവല്‍നില്‍ക്കുകയും അവരോട് ഇടക്കിടെ പഠിക്കാനാവശ്യപ്പെടുകയും ചെയ്യുന്ന എല്‍സമ്മ, പിന്നീടൊരിക്കല്‍ ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തില്‍ ദിനേശനെപ്പോലെ റ്റോര്‍ച്ചുമായി നടന്ന് എബിയുടെ സഹോദരിയുടെ അപഥസഞ്ചാരം കണ്ടുപിടിക്കുന്നുണ്ട്. ഇങ്ങനെ എല്ലാവിധത്തിലും പിതൃദായകക്രമത്തിന്റെ വക്താവായതുകൊണ്ടാണ് എല്‍സമ്മയുടെ ആണത്തം സിനിമയുടെ അന്ത്യത്തോളം കാര്യമായ പോറലേല്‍ക്കാതെ കഴിച്ചുകൂട്ടുന്നത്. അല്ലായിരുന്നുവെങ്കില്‍ ‘ദി കിംഗി’ലെപ്പോലെ നീവെറുമൊരു പെണ്ണാണെന്ന ഓര്‍മിപ്പിക്കലിനു മുന്നില്‍ പതറിപ്പോവുകയോ, ‘കന്മദ’ത്തിലെ മഞ്ചുവാരിയര്‍ കഥാപാത്രത്തെപ്പോലെ കരുത്തനായ ആണിന്റെ ചുംബനത്തിന് മുന്‍പില്‍ ഉരുകിയൊലിക്കുകയോ, ‘ആറാംതമ്പുരാനി’ലെ ഉണ്ണിമായയെപ്പോലെ ജഗനുമുന്‍പില്‍ തൊഴുകൈകളും നിറകണ്ണുമായി നില്‍ക്കുകയോ എല്‍സമ്മയ്ക്കും വേണ്ടിവരുമായിരുന്നു.

ടി മുരളീധരന്‍ തന്റെ ‘വുമണ്‍ ഫ്രണ്ട്ഷിപ്പ് ഇന്‍ മലയാളം സിനിമ’യെന്ന ലേഖനത്തില്‍ [1] ചൂണ്ടിക്കാണിക്കുന്നതു പോലുള്ള phallic attributesഉം എല്‍സമ്മയെ ചിത്രീകരിക്കുമ്പോള്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നതായി കാണാം. കരിപ്പള്ളി സുഗുണനും ഗുണ്ടകള്‍ക്കും നേരേ നിരപ്പലകയുടെ കമ്പിയുമായെത്തി ഭീഷണിമുഴക്കുന്നതും,എബി കൈക്കു കയറിപിടിക്കുമ്പോള്‍ കത്തിയെടുത്തു കാണിക്കുന്നതുമെല്ലാം ഇങ്ങനെയുള്ള ചില മുഹൂര്‍ത്തങ്ങളാണ്. അതോടൊപ്പം ചേര്‍ത്തുകാണേണ്ട മറ്റൊരുവസ്തുത വളരെ അപൂര്‍വമായി മാത്രമേ ഈ സിനിമ എല്‍സമ്മയുടെ ‘സ്ത്രൈണത’യിലേയ്ക്ക് ശ്രദ്ധക്ഷണിക്കാന്‍ ശ്രമിക്കുന്നുള്ളുവെന്നതാണ്. സ്നേഹിക്കുന്ന വ്യക്തിയെ നഷ്ടപ്പെടുമെന്നറിയുമ്പോള്‍ പോലും നിര്‍വികാരയും അക്ഷോഭ്യയുമായി നില്‍ക്കുന്ന എല്‍സമ്മയുടെ ദൃശ്യങ്ങള്‍ ഈ സിനിമയുലുണ്ട്. അത് ദില്ലിപോസ്റ്റിലെ നിരൂപണത്തില്‍ ചൂണ്ടിക്കാണിച്ചതു പോലെ അഭിനയശേഷിയുടെ പോരായ്മയല്ല, മറിച്ച് കഥാപാത്രീകരണം ആവശ്യപ്പെടുന്ന നിര്‍വികാരതയാണ്. ഇതിനുപുറമേ പലപ്പോഴും ഷര്‍ട്ടും മുണ്ടുമിട്ട് എല്‍സമ്മ വരുന്നുണ്ട്. തന്റെ അപ്പന്റേതാണതെന്നും അതിടുമ്പോള്‍ ഒരു ധൈര്യം ലഭിക്കുന്നുണ്ടെന്നുമാണ് അവള്‍ എബിക്കു നല്‍കുന്ന വിശദ്ധീകരണം. എന്നാല്‍ അതും ‘സ്ത്രൈണത’യില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രമായി വേണം കരുതാന്‍. എല്‍സമ്മയുടെ ആണത്തം വിജയിപ്പിക്കുന്നതില്‍ നല്ലൊരു പങ്ക് പാലുണ്ണിയുടെ കുട്ടിത്തത്തിനുണ്ട് എന്നതാണ് സത്യം. പാലുണ്ണിയ്ക്ക് അമ്മ സോപ്പുതേച്ചുകൊടുക്കുന്ന ഒരു രംഗംപോലുമുണ്ട് ചിത്രത്തില്‍. എല്‍സമ്മ അങ്ങോട്ടു വരുമ്പോള്‍ അയാള്‍ നാണം കൊണ്ട് ഒളിഞ്ഞുനില്‍ക്കുന്നു. അതു പോലെ മനസിലുള്ള പ്രണയം തുറന്നുപറയാനാകാതെ അയാള്‍ വരിയുടയ്ക്കപ്പെട്ടവനെപ്പോലെയാകുന്ന സന്ദര്‍ഭങ്ങളും ചിത്രത്തില്‍ കാണാം. പോരാത്തതിന്, സിനിമയുടെ അവസാനത്തിലും പ്രണയം തുറന്നു പ്രകടിപ്പിക്കുന്നതും എല്‍സമ്മ തന്നെയാണ്.

അങ്ങിനെ, പിതൃദായക്രമത്തിന്റെ പിന്‍ബലവും ഫാലിക് ആട്രിബ്യൂട്ട്സിന്റെ സാന്നിധ്യവും ദൃശ്യപ്പെടുന്ന സ്ത്രൈണതയുടെ അഭാവവും കൂട്ടിത്തമാര്‍ന്ന കാമുകന്റെ സാന്നിധ്യവുമെല്ലാം എല്‍സമ്മയെ ഒരു ആണ്‍കുട്ടി തന്നെയാക്കി മാറ്റിത്തീര്‍ക്കുന്നു.

കുറിപ്പുകള്‍
[1] Meena. T. Pillai (ed.) Women in Malayalam Cinema: Naturalising Gender Hierarchies. (Orient Black Swan:2010) എന്ന പുസ്തകത്തില്‍ നിന്നും (പുറം. 163)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ