സെല്‍ഫ് ഹെല്‍പ്പു ഗൈഡുകളുടേയും പൗളോ ക്വയ് ലോ സാഹിത്യത്തിനും ഒരു തുടര്‍ച്ച എന്ന നിലയില്‍ പുറത്തിറങ്ങിയ ആഷിക് അബുവിന്റെ 'ടാ തടിയാ' എന്ന സിനിമയുടെ ഗണത്തില്‍ തന്നെയാണ് കുടുംബപ്രേക്ഷകര്‍ തിങ്ങിനിറഞ്ഞ സദസ്സുകളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന 'ഹൗ ഓള്‍ഡ് ആര്‍ യു?'വിന്റേയും സ്ഥാനം. എന്നാല്‍ ഈ രണ്ടു സിനിമകള്‍ക്കും ഒരേ നിലവാരമാണ് എന്ന് ഈ പറഞ്ഞതിനര്‍ത്ഥമില്ല. നായകന്റെ വിക്രിയകള്‍ മാത്രം കണ്ടുമടുത്ത ഒരു പ്രേക്ഷകവൃന്ദത്തിന് തീര്‍ച്ചയായും ഒരു ആശ്വാസമാണ് 'ഹൗ ഓള്‍ഡ് ആര്‍ യു?'. സ്ത്രീപക്ഷ സിനിമ എന്ന ആട്ടിന്‍തോലണിഞ്ഞ 'വെറുതേ ഒരു ഭാര്യ', 'ഭാര്യ അത്ര പോരാ' എന്നിങ്ങനെയുള്ള ഒരു മുഴൂനീളന്‍ 'ഉപദേശ' സിനിമയുമല്ല ഇത്.
നിര്‍മ്മല രാജീവനെന്ന യുഡി ക്ലാര്‍ക്കിന്റെ ജീവിതവീക്ഷണത്തില്‍ വരുന്ന മാറ്റമാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന്റെ പ്രമേയം. ഇത് ഏറെ യുക്തിഭംഗങ്ങളില്ലാതെ പറയാനായി എന്നതാണീ സിനിമയുടെ വിജയം. എന്നാല്‍ യുക്തിക്കു മുഴുവന്‍ നിരക്കാത്ത ചില സന്ദര്‍ഭങ്ങളും സിനിമയിലുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന നിര്‍മ്മല (പിന്നീട് ഒരു വീട്ടമ്മയുടെ റോളിലേയ്ക്ക് ചുരുങ്ങിയെങ്കിലും) കല്യാണാവശ്യത്തിനു പണത്തിനായി സമീപിക്കുന്ന വൃദ്ധനെ പലകുറി നടത്തിക്കുന്നുവെന്നു പറയുന്നത് കഥാപാത്ര രൂപീകരണത്തിലെ പാളിച്ചയാണെന്നു പറയാതെ വയ്യ.സ്വന്തം സ്വപ്നങ്ങളുടെ കാര്യത്തില്‍ ചില ഒത്തുതീര്‍പ്പുകള്‍ക്കു തയ്യാറാവുന്ന ഒരാള്‍പോലും തന്റെ ആദര്‍ശങ്ങളുടെ കാര്യത്തില്‍ അതിനു വഴങ്ങുമെന്ന് കരുതാനൊക്കുമോ?
അതുപോലെ നിര്‍മ്മല തന്റെ വ്യക്തിത്വം പുനഃനിര്‍മ്മിക്കുവാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗവും തികച്ചും യാഥാസ്ഥിതികമായി എന്നു പറയാതെവയ്യ.മുന്‍പു സൂചിപ്പിച്ച അക്കു അക്ബര്‍ സിനിമകളോളം വരില്ലെങ്കിലും പുരുഷകേന്ദീകൃത വ്യവസ്ഥയോടു ഒത്തുതീര്‍പ്പിനു തയ്യാറാകുന്നുണ്ട് ഈ സിനിമയും.
പ്രധാനമായും സ്വന്തം വീട്ടിലേയും സമീപപ്രദേശങ്ങളിലെ വീടുകളിലേയും ടെറസ്സിലുള്ള പച്ചക്കറി തോട്ടനിര്‍മ്മാണത്തിലെ വിജയമാണല്ലോ അവള്‍ക്കൊരു മേല്‍വിലാസമുണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സിനിമ പുരുഷപ്രേക്ഷകനു നല്‍കുന്ന ഒരു ഉറപ്പുകൂടിയാണ്. തന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ സ്ത്രീ വീട്ടമ്മയെന്ന തന്റെ കടമകളെ ഉപേക്ഷിച്ചുപോകുമോയെന്ന പുരുഷന്റെ ഭയത്തെയാണ് ടെറസ്സു കൃഷിയിലൂടെ അവളെ വീടിനടുത്തുതന്നെ തളച്ചിടുന്നതു വഴി സിനിമ അഭിസംബോധന/നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്. തന്റെ ഇപ്പോഴുള്ള ഉദ്യോഗസ്ഥാനമുപയോഗിച്ചു തന്നെ അവള്‍ക്ക് സമൂഹത്തില്‍ കൊണ്ടുവരാവുന്ന ക്രിയാത്മക മാറ്റങ്ങളില്‍ പുരുഷ പ്രേക്ഷകനെപ്പോലെ സിനിമയ്ക്കും ഒട്ടും താല്‍പര്യമില്ല. സ്ത്രീ ശോഭിക്കുക സാമ്പ്രദായികമേഖലകളിലാണെന്നും പൊതുവിജ്ഞാന സമ്പാദനം സ്ത്രീകള്‍ക്ക് ദുഷ്കരമായിരിക്കുമെന്നുവരെ ഈ സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. മീറ്റിംഗില്‍ സംസാരിക്കുന്നതായും രാഷ്ട്രപതിയോടൊപ്പം വിരുന്നുണ്ണുന്നതായുമെല്ലാം പിന്നീട് കാണിക്കുന്നുണ്ടെങ്കിലും അതിനെല്ലാം അവളെ പ്രാപ്തയാക്കുന്നത് തട്ടിന്‍പുറകൃഷിയാണെന്നതു മറന്നുകൂടാ. മാത്രമല്ല അവിടെയെത്തുമ്പോഴേക്കും സിനിമകാണിക്കുന്ന അനാവശ്യമായ തിടുക്കം അവളുടെ പരിശ്രമത്തിന്റെ യഥാര്‍ത്ഥ ചിത്രം പ്രേക്ഷകനിലേക്ക് പകരാനാകാതെ വരുന്നതിലേയ്ക്ക് നയിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഓഫീസിലെ പരദൂഷണത്തിനും,പൊങ്ങച്ചത്തിനും സിനിമ ആവശ്യത്തിലേറെ സമയം ചിലവഴിക്കുന്നു.
വാല്‍ക്കഷ്ണം: മടിച്ചികളായ സ്ത്രീകള്‍ എന്തെങ്കിലും പണിയിലേര്‍പ്പെടണമെന്ന സന്ദേശമല്ലേ ഈ സിനിമയുടേതെന്നും അതുകൊണ്ട് വീട്ടിലെ സ്ത്രീകള്‍ക്ക് ഈ സിനിമയൊന്നു കാണിച്ചുകൊടുക്കുന്നത് നല്ലതല്ലേയെന്നും എന്നോടൊരാള്‍ അഭിപ്രായം ചോദിച്ചുവെന്നു പറഞ്ഞാല്‍ എല്ലാം പൂര്‍ത്തിയായി.
സിനിമ ഇങ്ങനെയും വായിക്കപ്പെടാം. ഉത്തമായ സ്ത്രീ= വീട്ടുപണി + ജോലി + ടെറസിലെ കൃഷി